സ്വപ്‌നങ്ങളുടെ വ്യാപാരി
‘കുന്നിന്‍ ചെരുവില്‍ പുരാതനമായ ഗുഹാക്ഷേത്രം. ഇരുട്ടും വെളിച്ചവും ഇടകലര്‍ന്ന ഗുഹാന്തരീക്ഷത്തില്‍ അമ്മദൈവത്തിന്റെ വലിയ വിഗ്രഹം. ആകാശത്തുനിന്ന് പഴുതുകളിലൂടെ വിഗ്രഹത്തില്‍ പതിക്കുന്ന വെളിച്ചം. ഗ്രാമത്തില്‍നിന്ന് ക്ഷേത്രത്തിനകത്തെത്തുന്ന നായകന്‍. ചെരാതുവെളിച്ചത്തിനും ഇരുട്ടിലേക്കെത്തിനോക്കുന്ന പകല്‍വെളിച്ചത്തിനുമിടയിലൂടെ നടന്നുവരുന്ന നായിക.’ ദൃശ്യങ്ങളോരോന്നിലും ഇരുട്ടിന്റേയും വെളിച്ചത്തിന്റേയും തിരനോട്ടം. പരിശുദ്ധിയുടേയും പ്രണയത്തിന്റേയും കഥ പറയുന്ന വെളിച്ചം.
ഈ ചലച്ചിത്രദൃശ്യത്തിന് ജീവനേകുന്ന ഭാവസാന്ദ്രമായ വെളിച്ചത്തിനു പിന്നില്‍ മലയാളിയായ ഒരു ഛായാഗ്രാഹകനുണ്ട്. ശ്രീ.സി.കെ.മുരളീധരന്‍. ഇന്ത്യന്‍ ചലച്ചിത്രലോകത്തെ ആ മഹദ്‌സാന്നിദ്ധ്യമായിരുന്നു ഇത്തവണ ഫോട്ടോമ്യൂസിന്റെ പ്രതിവാരസംവാദപരമ്പരയിലെ അതിഥി. ക്യാമറ വാങ്ങാന്‍ പണമില്ലാതിരുന്നകാലത്ത് വാടകക്കെടുത്ത ക്യാമറ കൊണ്ട് നിശ്ചലഛായാഗ്രഹണം തുടങ്ങി പിന്നീട് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലൂടെയും ഇപ്പോള്‍ ഹിന്ദി, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലായി അറിയപ്പെടുന്ന സിനിമകളുടെ ഛായാഗ്രഹണത്തിലൂടെയും ഇന്ത്യന്‍ ചലച്ചിത്രചരിത്രത്തിന്റെ ഭാഗമായ പ്രതിഭാശാലി. വായന ഇഷ്ടപ്പെടുന്ന, സംഗീതത്തെ സ്‌നേഹിക്കുന്ന ഗവേഷണബുദ്ധിയുള്ള കഠിനാദ്ധ്വാനിയായ കലാകാരന്‍.
‘ഇത് ഫിക്ഷനാണ്. ഞങ്ങള്‍ സ്വപ്‌നങ്ങള്‍ വില്‍ക്കുന്നു..’ ഫിക്ഷനുകളുടെ ദൃശ്യഭാഷയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ശ്രീ.സി.കെ.മുരളീധരന്‍ സ്വയം വിശേഷിപ്പിച്ചത് സ്വപ്‌നങ്ങളുടെ വ്യാപാരിയെന്നാണ്. അതെ, ഭാവസാന്ദ്രമായ ദൃശ്യങ്ങളുടെ നിര്‍മിതിവേളയില്‍ ഇന്ത്യയിലെ പ്രസിദ്ധനായ ഈ ഛായാഗ്രാഹകന്‍ സ്വപ്‌നങ്ങളുടെ മൊത്തവ്യാപാരിയാകുന്നു.. കാഴ്ചക്കാരെ അനുഭൂതികളുടെ വന്‍കരകളിലേക്ക് കൊണ്ടുപോകുന്ന നാവികനാവുന്നു. അദ്ദേഹമൊത്തുള്ള സംവാദവും ദൃശ്യഭാഷയുടെ ആഴങ്ങളിലേക്കുള്ള യാത്രയായിരുന്നു.
ശ്രീ.സി.കെ.മുരളീധരനെ സംബന്ധിച്ച് മുന്നിലുള്ള ദൃശ്യങ്ങള്‍ ക്യാമറ കൊണ്ട് ഒപ്പിയെടുക്കുന്നയാള്‍ മാത്രമല്ല സിനിമാട്ടോഗ്രഫര്‍. നല്ലൊരു സിനിമാട്ടോഗ്രഫര്‍ നല്ലൊരു കഥപറച്ചിലുകാരനാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഛായാഗ്രാഹകന്‍ സാങ്കേതികകാര്യങ്ങളില്‍ അറിവുള്ളവനും കലാകാരനും നല്ലൊരു മാനേജരും അദ്ധ്യാപകനും വിദ്യാര്‍ത്ഥിയും പ്രശ്‌നപരിഹാരകനും സംഘനേതാവും എല്ലാമാണ്. അതിലുപരി നല്ലൊരു കഥപറച്ചിലുകാരനാണ്.
സ്‌ക്രിപ്റ്റ് മുതലാണ് ഒരു സിനിമാട്ടോഗ്രാഫറുടെ ജോലി തുടങ്ങുന്നതെന്ന് സ്വന്തം അനുഭവങ്ങള്‍ ഉദാഹരിച്ച് അദ്ദേഹം വിശദീകരിച്ചു. മാസങ്ങളോളം സ്‌ക്രിപ്റ്റില്‍ ജീവിക്കുന്നു. ചര്‍ച്ചകളും ചിന്തകളുമായി… ക്യാമറ തുടങ്ങിയ ഉപകരണങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനൊപ്പം സിനിമാട്ടോഗ്രാഫര്‍ക്ക് സാങ്കേതികമായ പല കാര്യങ്ങളും കണ്ടുപിടിക്കേണ്ടി വരാറുണ്ട്. സ്‌ക്രിപ്റ്റിന് സാങ്കേതികവും ക്രിയാത്മകവുമായ വശങ്ങളുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ക്യാമറയും അനുബന്ധ ഉപകരണങ്ങളും അവയുടെ കൈകാര്യരീതിയുമൊക്കെ സാങ്കേതികവശത്തില്‍ ഉള്‍പ്പെടും. നിറം, വെളിച്ചം, ചലനം, ലെന്‍സുകളുടെ തിരഞ്ഞെടുപ്പ് എന്നിവയാണ് ക്രിയാത്മകവശത്തെ പ്രധാന ഘടകങ്ങള്‍. ഇവയിലാണ് ഒരു സിനിമാട്ടോഗ്രാഫറിലെ കലാമനസ്സ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓരോ സീക്വന്‍സുകളിലും എത്ര ശ്രദ്ധയോടെയാണ് നിറങ്ങള്‍ ആസൂത്രണം ചെയ്യപ്പെടുന്നതെന്ന് ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു സംഭാഷണത്തിന്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍. പശ്ചാത്തലനിറങ്ങള്‍, വേഷഭൂഷാദികളുടെ നിറങ്ങള്‍, പ്രത്യക്ഷപ്പെടുന്ന വാഹനങ്ങളുടെയോ പ്രോപ്പര്‍ട്ടികളുടെയോ ആകാശത്തിന്റെയോ നിറം തുടങ്ങി ഒരു സിനിമയുടെ ആദ്യാവസാനനിറം ക്രമീകരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച വിശദമായിരുന്നു. ഈ നിറങ്ങളിലേക്ക് അത്രതന്നെ ശ്രദ്ധയോടെ പതിപ്പിച്ച വെളിച്ചം കൊണ്ട് നിര്‍മിച്ചെടുത്ത ഇമേജാണ് കാണികള്‍ക്ക് മുന്നിലെത്തുന്നത്. ക്യാമറയുടെ ചലനങ്ങളും ലെന്‍സുകളുടെ തിരഞ്ഞെടുപ്പും ഈ ഇമേജുകളെ നിര്‍മിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുകയും ചെയ്യുന്നു.
കഥപറയുന്ന ഈ ഛായാഗ്രാഹകന് വെളിച്ചവും ചലനവുമാണ് പ്രിയപ്പെട്ട ഉപാധികള്‍. വെളിച്ചമാണ് ഇവിടെ ഭാഷ. സസ്‌പെന്‍സോ ത്രില്ലറോ പ്രണയമോ കുറ്റമോ വെളിച്ചം പറയുന്നു. ഭാവത്തെ നിര്‍മിക്കുന്ന, കഥപറയുന്ന വെളിച്ചം. മോഹന്‍ജോദാരോയിലെ ദിവ്യവെളിച്ചം, നായികയുടെ ദു:ഖത്തിന്റെ അരണ്ട വെളിച്ചം, ത്രീ ഇഡിയറ്റ്‌സിലെ ആകാശവെളിച്ചം, ക്ലൈമാക്‌സിലെ പുലരിവെളിച്ചം, ക്ലബ്‌സോങിന്റെ ചലിക്കുന്ന വെളിച്ചം തുടങ്ങി സി.കെ.മുരളീധരന്റെ കലാസൃഷ്ടികളില്‍ നിറയെ വെളിച്ചത്തിന്റെ ബഹുമുഖങ്ങളാണ്. അങ്ങിനെയാണ് ഈ മനുഷ്യന്‍ തിരശ്ശീലയില്‍ സ്വപ്‌നങ്ങള്‍ നിര്‍മിക്കുന്നത്. അങ്ങിനെയാണ് ഈ മനുഷ്യന്‍ സ്വപ്‌നങ്ങളുടെ വ്യാപാരിയാകുന്നത്.
‘വെറുതെ പതിപ്പിക്കുകയല്ല – ലൈറ്റ് മൂഡ് തന്നെയാണ്. ഭാവാത്മകമായി നിര്‍മിച്ചെടുത്ത ഇമേജാണ് കാണി തിരശ്ശീലയില്‍ കാണുന്നത്. യാഥാര്‍ത്ഥ്യത്തില്‍നിന്ന് നിര്‍മിതയാഥാര്‍ത്ഥ്യത്തിലേക്ക് ഇമേജിനെ മാറ്റാന്‍ ലൈറ്റ് സഹായിക്കുന്നു. കറന്റ് പോയാല്‍ എനിക്ക് സ്‌ക്രീന്‍ ഇരുട്ടാക്കാന്‍ പറ്റില്ല. എന്നാല്‍ കറന്റ് പോയി എന്ന് നിങ്ങളെ വിശ്വസിപ്പിക്കാന്‍ എനിക്കാവും. തീവ്രത, ദിശ, നിറം, ടെക്‌സ്ചര്‍ എന്നീ ഘടകങ്ങളാണ് ലൈറ്റിങിന്റെ പ്രാഥമിക ഘടകങ്ങള്‍. എന്നാല്‍ ഇവയില്‍ ഏത് എപ്പോള്‍ ഉപയോഗിക്കണം എന്നതാണ് പ്രധാനം. ഞാന്‍ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണത്. അതാണ് വെളിച്ചസന്നിവേശത്തിലെ കല.’ – പുതുതലമുറഫോട്ടോഗ്രാഫര്‍മാരോട് ശ്രീ.സി.കെ.മുരളീധരന്‍ പറഞ്ഞു.
ചലനമാണ് ഈ ഛായാഗ്രാഹകന്റെ മറ്റൊരു പ്രിയപ്പെട്ട ഉപാധി. ഇത് തെളിയിക്കാന്‍ ജോണി ഗദ്ദാറിലെ തീവണ്ടിരംഗങ്ങള്‍ മാത്രം മതിയാവും. സംഭാഷണങ്ങളോ സംഗീതമോ സവിശേഷമായ വെളിച്ചസന്നിവേശമോ കൂടാതെ ക്യാമറയുടെ ചലനം കൊണ്ടുമാത്രം മൂര്‍ത്തമായ ത്രില്ലര്‍നിമിഷങ്ങള്‍. ഇവിടെയാണ് ഛായാഗ്രാഹകന്‍ കഥപറയുന്ന ഛായാഗ്രാഹകനാവുന്നത്. ഒരു സാധാരണ തീവണ്ടിരംഗമായി മാറാനിടയുള്ള ഒന്നിനെ ചലനം എന്ന ചിന്തയിലൂടെ സവിശേഷമാക്കിയ ഛായാഗ്രാഹകന്റെ പ്രതിഭാസ്പര്‍ശം. ഇതില്‍ത്തന്നെ യാര്‍ഡില്‍ നിര്‍ത്തിയിട്ട വെറും ബോഗിയില്‍ ചിത്രീകരിച്ച തീവണ്ടിദൃശ്യങ്ങളുമുണ്ടെന്ന് അതേ ഛായാഗ്രാഹകന്‍തന്നെ വെളിപ്പെടുത്തുമ്പോള്‍ അത്ഭുതപ്പെടുകയല്ലാതെ നിവൃത്തിയില്ല. ദൃശ്യങ്ങളില്‍ ചലനം അനുഭവിപ്പിക്കാന്‍ ഷൂട്ടിങിന് വേണ്ടി പ്രത്യേക ക്യാമറഊഞ്ഞാല്‍ തയ്യാറാക്കിയ കഥ കൂടി കേള്‍ക്കുമ്പോള്‍ കൗതുകങ്ങള്‍ക്കപ്പുറം ഗവേഷകനായ ഒരു ഛായാഗ്രാഹകനെക്കൂടി നമുക്ക് അഭിവാദ്യം ചെയ്യേണ്ടി വരുന്നു.
ശ്രീ.സി.കെ.മുരളീധരന്റെ സംഭാഷണം അവസാനിച്ചപ്പോഴേക്ക് അഭിപ്രായങ്ങള്‍കൊണ്ടും ആശംസകള്‍ കൊണ്ടും ചോദ്യങ്ങള്‍ കൊണ്ടും ചാറ്റ് ബോക്‌സ് നിറഞ്ഞിരുന്നു. ഫോട്ടോമ്യൂസ് അദ്ധ്യക്ഷന്‍ ഡോ.ഉണ്ണി പുളിക്കല്‍ സിനിമാട്ടോഗ്രാഫറും സംവിധായകനും വ്യത്യാസപ്പെട്ടിരിക്കുന്നതെങ്ങിനെയാണ് എന്ന ചോദ്യത്തിലൂടെയാണ് തന്റെ പ്രതികരണം അറിയിച്ചത്. സ്വാഭാവികവെളിച്ചത്തെക്കുറിച്ചും നിറങ്ങളുടെ പാറ്റേണുകളെക്കുറിച്ചും മറ്റുമായി ചര്‍ച്ച സമ്പന്നമായി. ശ്രീമതി.ദീപയുടെ ആമുഖവും ശ്രീ.പ്രദീപ് മേനോന്‍ നിര്‍വ്വഹിച്ച സ്വാഗതഭാഷണവും തൊട്ട് ശ്രീ.നന്ദകുമാര്‍ മൂടാടിയുടെ നന്ദിപ്രകാശനം വരെയും അതിനും ശേഷം സൂംമീറ്റിന്റെ അവസാനബട്ടണ്‍ വരെയും സജീവമായ ഒരു സംവാദമായിരുന്നു ഇത്. സിനിമാട്ടോഗ്രഫിയെക്കുറിച്ച് പറയുമ്പോഴും സമഗ്രമായി ഫോട്ടോഗ്രഫിയെ ഉള്‍ക്കൊണ്ടതും കലയുടെയും ക്രിയാത്മകതയുടെയും വ്യ്ത്യസ്ത വഴികളിലൂടെ സംവാദം വികസിച്ചതും അതിന് കാരണമാണ്. സംവാദങ്ങള്‍ ഇങ്ങനെയാവണം… അവസാനിച്ചാലും അവസാനിക്കാതെ…
Author
K. Jayanandan
Leave a Reply